Friday, January 29, 2016

അഫ്ഘാനി മൂര്‍ഗ (ചിക്കന്‍) Afghani murgh (chicken)

afghani murgh
ചേരുവകള്‍
1. വെളുത്തുള്ളി ഒരുകിലോ
2. ഉപ്പ് അരടീസ്പൂണ്‍
3. തൈര് 2കപ്പ്
4. നാരങ്ങാനീര് 4 ടേബിള്‍സ്പൂണ്‍
5. കുരുമുളക് പൊടിച്ചത് അരക്കപ്പ്
6. കോഴി വൃത്തിയാക്കിയ ഒരു കിലോ



തയ്യാറാക്കുന്ന വിധം:
തൊലികളഞ്ഞുവൃത്തിയാക്കിയ വെളുത്തുള്ളി അല്ലികള്‍ ഉപ്പുചേര്‍ത്ത് പേസ്റ്റുരൂപത്തില്‍ അരച്ചെടുക്കുക. അതിലേക്ക് തൈരും കുരുമുളകുപൊടിച്ചതും നാരങ്ങാനീരും ചേര്‍ത്തിളക്കുക. കോഴി തൊലികളഞ്ഞു കൊഴുപ്പുനീക്കി വൃത്തിയാക്കി പരന്ന കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. പേസ്റ്റില്‍ മുങ്ങിക്കിടക്കും വിധം ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിലാക്കി വെക്കുക. ഒന്ന്-ഒന്നര ദിവസം അപ്രകാരമിരിക്കട്ടെ.
പേസ്റ്റിന്റെ ആവരണം തുടച്ചുനീക്കി ചിക്കന്‍ കഷ് ണങ്ങള്‍ ബ്രോയില്‍ ചെയ്‌തോ ഗ്രില്‍ ചെയ്‌തോ ഉപയോഗിക്കാം. കഷ് ്ണങ്ങള്‍ 8-10 മിനിറ്റുവീതം തിരിച്ചും മറിച്ചും വേണം ഗ്രില്‍ ചെയ്യാന്‍. ചൂടോടെ ഉപയോഗിക്കണം.6 പേര്‍ക്കുകഴിക്കാം

രെശ്മി ചിക്കന്‍ reshmi chicken


chicken reshmi
chicken reshmi


ചേരുവകള്‍ 1


    ഇഞ്ചി : രണ്ടിഞ്ചു വലുപ്പമുള്ള കഷ്ണം
    വെളുത്തുള്ളി : ആറേഴു ചുള
    ജീരകം : ഒരു ടീ സ്പൂണ്‍
    ഏലയ്ക്ക : ഒന്ന്
    പച്ച മുളക് : നാല്
    മല്ലിയില : ചെറുതായി അരിഞ്ഞത് : രണ്ടു ടേബിള്‍ സ്പൂണ്‍ 

ചേരുവകള്‍ 2

    എല്ലില്ലാത്ത കോഴി കഷ്ണങ്ങള്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ചത് : അര കപ്പ് (കഴിവതും ചതുര കഷ്ണങ്ങള്‍ ആയാല്‍ നല്ലത് )

    ക്യാപ്‌സിക്കം : രണ്ടു : ചതുരക്കഷ്ണങ്ങള് ആക്കിയത്
    സവാള : ഒന്ന് വലുത് : ചതുരക്കഷ്ണങ്ങള് ആക്കിയത് 

ചേരുവകള്‍ 3

    കടലമാവ് : മൂന്നു ടേബിള്‍ സ്പൂണ്‍
    ഓറഞ്ച് റെഡ് കളര്‍ : ഒരു തുള്ളി
    നാരങ്ങാ നീര് : ഒന്നിന്റെ
    ഉപ്പു : പാകത്തിന്
    തൈര് : രണ്ടു ടേബിള്‍ സ്പൂണ്‍
    കാശ്മീരി മുളക് പൊടി : രണ്ടു ടീ സ്പൂണ്‍ 

ചേരുവകള്‍ 4

    തക്കാളി : ഒന്ന് : ചൂട് വെള്ളത്തില്‍ ഇട്ട ശേഷം തൊലി കളഞ്ഞു മിക്‌സിയില്‍ നന്നായി അടിച്ചെടുത്തത്
    എണ്ണ : രണ്ടു ടേബിള്‍ സ്പൂണ്‍
    ഗരം മസാല : അര ടീ സ്പൂണ്‍
    എണ്ണ : വറക്കാന്‍
    വെണ്ണ : രണ്ടു ടീ സ്പൂണ്‍ 

    ചേരുവകള്‍ 1 മിക്‌സിയിലിട്ട് വെണ്ണ പോലെ അരച്ചെടുക്കുക.
    ചേരുവകള്‍ 3നന്നായി മിക്‌സ് ചെയ്ത് ഇതില്‍ ചേര്‍ക്കുക .
    ഇത് ഒരു വലിയ പാത്രത്തിലേയ്ക്ക് മാറ്റിയ ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ഇതില്‍ ചേര്‍ത്ത് നന്നായി ഇളക്കുക്.
    സവാളക്യാപ്‌സിക്കം കഷ്ണങ്ങളും ഇതില്‍ ചേര്‍ത്ത് ഇളക്കുക.
    ഇനി ഈ കൂട്ട് ഒരു പത്ത് മിനുട്ട് ഫ്രിഡ്ജില്‍ വയ്ക്കുക.
    എണ്ണ ചൂടാക്കി ചിക്കന്‍ കഷ്ണങ്ങള്‍ ക്രിസ്പിയായി വറുത്തെടുക്കുക.
    സവാളക്യാപ്‌സിക്കം കഷ്ണങ്ങള്‍ മസാല പുരണ്ടു ഒരു അഞ്ചു മിനുട്ട് കൂടി ഫ്രിഡ്ജില്‍ ഇരിക്കട്ടെ.
    ഇനി രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി ഉള്ളിയും ക്യാപ്‌സിക്കവും നന്നായി വഴറ്റുക.
    ഉള്ളി നല്ല മൃദുവാകുന്നത് വരെ ഇളക്കുക.
    ഇനി തക്കാളി അരച്ചതും ബാക്കിയുള്ള മസാലയും (ചിക്കനും ഉള്ളിയും ക്യാപ്‌സിക്കവും എടുത്ത ശേഷവും കുറച്ച് മസാല പാത്രത്തില്‍ ബാക്കി കാണും ) ഇതില്‍ ചേര്‍ക്കുക.
    ഉപ്പു നോക്കിയാ ശേഷം വേണമെങ്കില്‍ അല്പം ഉപ്പു കൂടി ചേര്‍ത്ത ശേഷം വറുത്ത ചിക്കന്‍ കഷ്ണങ്ങള്‍ ഇതില്‍ ചേര്‍ക്കുക.
    വെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക.
    മസാലയും തക്കാളി ചാറും നന്നായി കഷ്ണങ്ങളില്‍ ! പിടിച്ചു കഴിയുമ്പോള്‍ ഗരം മസാല ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങുക. 

ചൂടോടെ ചപ്പാത്തിയുടെയോ നാനിന്റെയോ റൊട്ടിയുടെയോ കൂടെ കഴിച്ചോളൂ .

ചിക്കന്‍ കറി(ചൈനീസ്) chicken curry chinese


chicken curry chines
chicken curry chinese
കോഴി-250ഗ്രാം
സവാള-2 എണ്ണം (വലുത്)
അജിനാമോട്ടോ-ഒരു ടീസ്പൂണ്‍
വെളുത്തിള്ളിചതച്ചത്-8ഇതള്‍
ഉപ്പ്-ആവശ്യത്തിന്
സെലറി-ഒരു തണ്ട് നുറുക്കിയത്
പാചകരീതി:
-സവാള അരിഞ്ഞത് എണ്ണയില്‍ ബ്രൗണ്‍ നിറമാകുന്നത് വരെ മൂപ്പിക്കുക. ഇതിലേക്ക് കോഴി ചെറിയ കഷ്ണങ്ങളാക്കിയത് വഴറ്റുക. തുടര്‍ന്ന് വെളുത്തുള്ളിക ചതച്ചിടുക. ഏകദേശം പത്തുമിനിട്ടോളം വഴറ്റിയ ശേഷം(അപ്പേഴേക്കും ഇറച്ചിക്ക് ബ്രൗണ്‍ നിറമാകും) നിരയെ വെള്ളഴിച്ച് ഉപ്പും അജിനാമോട്ടോയും ചേര്‍ത്ത് വേവിക്കുക. വെന്ത ശേഷം ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരി ചേര്‍ത്ത് തിളപ്പിക്കുക. സെലറി വിതറുക.

ചിക്കന്‍ മഞ്ചൂറിയന്‍ chicken manchurian



chicken manchurian
കോഴി-250ഗ്രാം
വെള്ളം-ഒന്നര കപ്പ്
മുട്ട-പകുതി
മൈദ-2ടേബിള്‍ സ്പൂണ്‍
കോണ്‍ ഫ്‌ലവര്‍-ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്-ഒരു നുള്ള്

സോയാബീന്‍ സോസ്-ഒന്നര ടേബിള്‍ സ്പൂണ്‍
വിനാഗിരി-ഒന്നര ടേബിള്‍ സ്പൂണ്‍
വൂസ്റ്റര്‍ സോസ്-ഒരു ടേബിള്‍ സ്പൂണ്‍
ടുമോട്ടോ കെച്ചപ്പ്-ഒരു ടേബിള്‍ സ്പൂണ്‍
അജിനോ മോട്ടോ-ഒരു ടേബിള്‍ സ്പൂണ്‍ 
ഉപ്പ്,കുരുമുളക്‌പൊടി-ഒരു നുള്ള് വീതം
ഇഞ്ചി-ഒരു ചെറിയ കഷ്ണം
സെലറി-ഒരുതണ്ട് നുറുക്കിയത്
വെള്ളം ഒഴിച്ച് കോഴി വേവിക്കുക. വെന്തശേഷം വെള്ളം അരിച്ച് മാറ്റുക.എല്ലില്‍ നിന്ന് ഇറച്ചി മാറ്റി കൈകൊണ്ട് ചെറുതായി വേര്‍പെടുത്തുക.ബാറ്ററിന്റെ കൂട്ട് നന്നായി യോജിപ്പിച്ച ശേഷം ഇറച്ചി വിടര്‍ത്തിയെടുത്ത് ചേര്‍ക്കുക. കുറേശ്ശെ എണ്ണയില്‍ കോരിയിട്ട് വറുക്കുക. എണ്ണ ചൂടാക്കി ചതച്ച ഇഞ്ചിയും വെളുത്തുളളിയും വഴറ്റുക. ഇനി സോസുകളെല്ലാം ഇറച്ചി വെന്ത വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. കുറുകി വരുമ്പോള്‍ കോഴി വറുത്തിട്ട് അടുപ്പത്ത് നിന്നെടുത്ത് സെലറി വിതറി ഉപയോഗിക്കുക. 

ചിക്കൻ കറി ( വടക്കൻ രീതിയിൽ )

chicken curry vadakkan
1.കോഴി
2.സവാള നീളത്തില്‍ അരിഞ്ഞത്-ഒരു കപ്പ്
പച്ച മുളക്-8
തക്കാളി കഷണങ്ങളാക്കിയത്-1
കറിവേപ്പില-ഒരു തണ്ട്
ഇഞ്ചി ചെറുതായി അരിഞ്ഞത്-ഒരു വലിയ കഷ്ണം

3.കുരുമുളക്-5
തേങ്ങചിരവിയത്-ഒരുകപ്പ്
ഗ്രാമ്പൂ-6
പട്ട- 3കഷണം
വലിയചീരകം-കാല്‍ ടീസ്പൂണ്‍
മല്ലി-അര ടീസ്പൂണ്‍
4.ഉപ്പ്-പാകത്തിന്
മഞ്ഞള്‍ പൊടി-പാകത്തിന്
വെളിച്ചെണ്ണ-അരയ്ക്കാല്‍ കപ്പ്

പാചകരീതി- 
രണ്ടാമത്തെ ചേരുവകള്‍ വെളിച്ചെണ്ണയില്‍ വഴറ്റി അതും മഞ്ഞള്‍പൊടി ഉപ്പ് എന്നിവയും കോഴിയില്‍ ചേര്‍ത്ത് വേവിക്കുക.മൂന്നാമത്തെ ചേരുവകള്‍ മയത്തല്‍ വേവിച്ചെടുക്കണം കോഴി വെന്ത് വരുമ്പോള്‍ മസാലചേര്‍ക്കണം. വെന്തതിന് ശേഷം ചൂടോടെ ഉപയോഗിക്കണം.

നാടന്‍ കോഴിക്കറി nadan chicken curry

nadan chicken curry

ആവശ്യമുള്ളവ:
കോഴി, ചെറിയ കഷണം ആക്കി മുറിച്ചത്- 1 കിലോ
ഇഞ്ചി - ഒരു വലിയ തുണ്ടം കൊത്തിയരിഞ്ഞത്‌
വെളുത്തുള്ളി - 8 അല്ലി, അരിഞ്ഞത്
പച്ചമുളക് – 3 എണ്ണം രണ്ടായി കീറിയത്
സവാള – ഇടത്തരം 2 എണ്ണം അരിഞ്ഞത്
കുഞ്ഞുള്ളി – 10 എണ്ണം
തക്കാളി - ചെറിയ ഒരെണ്ണം
ചിക്കന്‍ മസാല കൂട്ട് :
കറുകപ്പട്ട - ഒരു ചെറിയ കഷണം
ഗ്രാമ്പൂ - അഞ്ചു എണ്ണം
ഏലയ്ക്ക - 7 എണ്ണം
ജാതിപത്രി - ഒരു ചെറിയ കഷണം
പെരുംജീരകം - അര ടേബിള്‍ സ്പൂണ്‍
കുരുമുളക് - അര ടീസ്പൂണ്‍
തക്കോലം - ഒന്ന്
..ഇവ ചൂടാക്കി മിക്സറില്‍ പൊടിച്ചു എടുക്കുക.
മുളകു പൊടി - 1 ടേബിള്‍ സ്പൂണ്‍
മല്ലി പൊടി - 2 ടേബിള്‍ സ്പൂണ്‍
(മുളകും മല്ലിയും ചൂടാക്കി പൊടിയ്ക്കുക.)
മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
കായം - ഒരു ചെറിയ കഷണം
തേങ്ങാക്കൊത്ത് - അര കപ്പ്‌
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - കുറച്ച്‌
ഉപ്പ് - പാകത്തിന്

ഉണ്ടാക്കേണ്ട വിധം:
ഒരു പാനിലോ അടി കട്ടിയുള്ള ചീനച്ചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക, ഇഞ്ചിയും വെളുത്തുള്ളിയും ഒന്ന് വാടി കഴിയുമ്പോള്‍ തേങ്ങാക്കൊത്ത് ചേര്‍ക്കുക. തേങ്ങാ ഒന്ന് ബ്രൌണ്‍ നിറം ആയി വരുമ്പോള്‍ പച്ചമുളകും സവാള അരിഞ്ഞതും കുഞ്ഞുള്ളി അരിഞ്ഞതും ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി ചേര്‍ത്തു മൂപ്പിക്കുക, മുളക് പൊടി മാത്രമായി ഇട്ടു മൂപ്പിക്കണം. മുളക് പൊടി മൂത്തതിനു ശേഷം തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ത്തു വഴറ്റുക, ഇതിലേക്ക് മല്ലിപൊടി , മഞ്ഞപൊടി , ഇറച്ചി മസാല കൂട്ട് , കായം എന്നിവ ചേര്‍ത്തു വഴറ്റുക..ഒരു തണ്ട് കറിവേപ്പിലയും ഇപ്പോള്‍ ചേര്‍ക്കാം . ഒന്നിളക്കിയതിനു ശേഷം കോഴി കഷണങ്ങള്‍ ചേര്ക്കാം , രണ്ടു മിനിട്ട് ഇളക്കിയതിനു ശേഷം ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക.. 30 മിനിട്ട് കഴിയുമ്പോള്‍ വെന്തു പാകം ആകും, വെന്തു കഴിഞ്ഞു കടുകും കറി വേപ്പിലയും താളിച്ചു ചേര്‍ക്കാം.രുചികരമായ കോഴിക്കറി തയ്യാര്‍.

വാല്‍ക്കഷണം : തക്കാളി ഒന്നില്‍ കൂടുതല്‍ ചേര്‍ക്കണ്ട.രുചി മാറി പോകും.മുളക് പൊടിയുടെ ഇരട്ടി മല്ലിപ്പൊടി ചേര്‍ക്കണം. കറിയുടെ ചാറു കുറച്ചു കുറുകി ഇരിക്കുന്നതാണ് കൂടുതല്‍ രുചി

ചിക്കൻ തോരൻ chicken thoran

chicken thoran
chicken thoran


ചേരുവകള്‍
ചിക്കന്‍ കഷ്ണങ്ങള്‍ (എല്ലില്ലാത്തത് ചെറുതായി അരിഞ്ഞത്) - 1/2 കിലോ
സവാള (അരിഞ്ഞത്) - 2 കപ്പ്
വെളുത്തുള്ളി (അരിഞ്ഞത്) - 2 ടീസ്പൂണ്‍
ഇഞ്ചി കൊത്തിയരിഞ്ഞത് - 2 ടീസ്പൂണ്‍
പച്ചമുളക് - അരിഞ്ഞത് - 8
ചിക്കന്‍മസാലപൊടി - 2 ടീസ്പൂണ്‍
കുരുമുളക് (പൊടിച്ചത)് - 1 ടീസ്പൂണ്‍
കടുക് 1 ടീസ്പൂണ്‍
കറിവേപ്പില
തേങ്ങ തിരുമ്മിയത് 1 കപ്പ്
മല്ലിയില - 1 /2 കപ്പ്
ഉപ്പ്
എണ്ണ
ജീരകം 1 ടീസ്പൂണ്‍
വയണയില - ഒന്ന്
ഉഴുന്ന് പരിപ്പ് - 1 ടീസ്പൂണ്‍.
പാചകം ചെയ്യുന്ന വിധം.
ഒരു കടായിയില്‍ 3 ടീസ്പൂണ്‍ എണ്ണയെടുത്ത് ചൂടാക്കുക. കടുക്, ജീരകം,കറിവേപ്പില, ഇഞ്ചി, ഉഴുന്ന്പരിപ്പ്, വെളുത്തുള്ളി എ്ന്നിവ ഇതിലേക്കിടുക.
തുടര്‍ന്ന് പച്ചമുളകും സവാളയും ചേര്‍ക്കുക, നന്നായി ഇളക്കി അല്‍പ്പം കഴിഞ്ഞ് ഇതിലേക്കിട്ട് ചിക്കന്‍ ഇടുക. ചെറുതായി ഇളക്കി പരസ്പരം ചേര്‍കണം. ചിക്കന്‍ മസാല, കുരു മുളകു പൊടി, മഞ്ഞള്‍ പൊടി എന്നിവ ഇതിലേക്കിട്ട് മി്ക്‌സ് ചെയ്യണം.
ഇതിലേക്ക് 2 കപ്പ് വെള്ളം ഒഴിക്കുക. പാത്രം അടച്ച് വേവിക്കുക. വെള്ളം വറ്റുമ്പോള്‍ തേങ്ങ തിരുമ്മിയത് ഇടുക. അല്‍പനേരം കൂടി പാകം ചെയ്യുക. അരിഞ്ഞ മല്ലിയില കൂടിയിട്ട് ഇളക്കുക. രുചികരമായ ചിക്കന്‍ തോരന്‍ തയ്യാര്‍.

ചിക്കന്‍ കറി chicken curry

chicken curry
chicken curry

ആവശ്യമുള്ളവ;

ചിക്കന്‍ - 1കിലോ
സവോള- ഇടത്തരം 3എണ്ണം
തൈര് -അര കപ്പ്‌ അല്ലെങ്കില്‍ തക്കാളി-2എണ്ണം ഞാന്‍ തൈര് ആണ് എടുത്തത്‌...
ഇഞ്ചി- ഇടത്തരം കഷണം,
വെളുത്തിള്ളി 6 അല്ലി – ഇത് രണ്ടും പേസ്റ്റ് ആക്കുക ,
കൂടെ ഒരു പച്ചമുളകും അരയ്ക്കുക.
.
കുരുമുളക് പൊടി -3/4 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്സ്പൂ്ണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
വറുത്തിടാൻ :
പെരുംജീരകം - 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് -5 രണ്ടായി കീറിയത്
കറിവേപ്പില-2 തണ്ട്
എണ്ണ , ഉപ്പ് , ചൂടു വെള്ളം എന്നിവ പാകത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ മുറിച്ചു കഷണങ്ങള്‍ ആക്കി കഴുകി വൃത്തിയാക്കി കുറച്ചു തൈരും മഞ്ഞള്പൊടിയും ഉപ്പും ചേർ ത്തു പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
ഇനി ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക,ഏകദേശം വഴന്നു കഴിയുമ്പോള്‍ ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് എന്നിവ അരച്ചതും കൂടി വഴറ്റുക.
ഇതിലേയ്ക്ക് അരിഞ്ഞുവച്ച തക്കാളിയും ചേര്‍ത്തു വഴറ്റി (തക്കാളി ഇഷ്ടമില്ലാത്തവര്‍ക്ക് തൈര് ചേര്‍ക്കാം)
മല്ലിപ്പൊടി, മഞ്ഞള്‍ പൊടി , കുരുമുളക് പൊടി എന്നിവ വഴറ്റി ചിക്കന്‍ കഷണങ്ങള്‍ കൂടി ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പുചേര്ത്ത്
( ചിക്കനില്‍ നേരത്തെ ഉപ്പ് പുരട്ടി വെച്ചിരുന്നത് കൊണ്ട് നോക്കിയതിനു ശേഷമേ ഉപ്പ് ചേര്‍ക്കാവു ) ഇവ വീണ്ടും നന്നായി അഞ്ചുമിനിറ്റുനേരം ഇളക്കുക. ഇനി ഒരു കപ്പ്‌ ചൂട് വെള്ളം ഒഴിയ്ക്കുക,
.
അടച്ചുവച്ച് 25 മിനിറ്റ് ചിക്കന്‍ വേവിയ്ക്കുക.
ചിക്കന്‍ നന്നായി വെന്ത് ചാറ് കുറുകുമ്പോള്‍
ഇതിലേയ്ക്ക് അഞ്ചു പച്ചമുളക് കീറിയത് , കറിവേപ്പില , പെരുംജീരകം എന്നിവ വറുത്തു കോരി കറിയുടെ മുകളില്‍ ഇടുക.ഇവ വറുത്ത് ഇടുമ്പോൾ കറിയ്ക്ക് ഒരു പ്രത്യേക മണവും രുചിയും കിട്ടും...ചിക്കന്‍ കറി തയ്യാര്‍...മല്ലിയില തൂവി അലങ്കരിയ്ക്കാം .

ടിപ്സ് :
ഒരുപാട് വെള്ളം കൂടി ചാറു വെള്ളം പോലെ ആയാല്‍ കറി നന്നാവില്ല 
പെരുംജീരകം പൊടിച്ചും മുഴുവനെയും ഇട്ടു ഈ കറി ഞാന്‍ ഉണ്ടാക്കി നോക്കിയിട്ടുണ്ട്.പൊടിയ്ക്കാതെ വറുത്ത് ഇടുന്നതാണ് നല്ലത്...
എരിവു കുറഞ്ഞാല്‍ കറി ഒരു രുചിയും കിട്ടില്ല, എരിവു കൂടുതല്‍ വേണമെങ്കില്‍ കൂട്ടിക്കോളൂ .നിങ്ങളുടെ ഇഷ്ടം...

ചില്ലി ചിക്കന്‍

chilli chicken

ആവശ്യമായവ:
.............................

ചിക്കന്‍ - 500 ഗ്രാം
എല്ലോടു കൂടിയതോ എല്ല് ഇല്ലാത്തതോ ആയ ചിക്കന്‍ എടുക്കാം .ചെറിയ കഷണങ്ങളായി മുറിയ്ക്കുക.

ചിക്കന്‍ മാരിനേറ്റു ചെയ്യുവാന്‍ :

മുട്ടയുടെ വെള്ള - ഒന്നിന്റെ
കോണ്‍ ഫ്ലോര്‍ - 2 ടേബിള്‍സ്പൂണ്‍
സോയാ സോസ് - ഒന്നര ടേബിള്‍സ്പൂണ്‍
ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് - ഒന്നര ടേബിള്‍സ്പൂണ്‍
കാശ്മീരി മുളകുപൊടി- അര ടീസ്പൂണ്‍
കുരുമുളക് പൊടീ - 1/4 ടീസ്പൂണ്‍
പച്ചമുളക് -3 എണ്ണം
ഉപ്പു - പാകത്തിന്

ഇനി സോസ് ഉണ്ടാക്കുവാന്‍ വേണ്ടത് :

സവാള - 2 ഇടത്തരം ,ചതുരത്തില്‍ അരിഞ്ഞത്
കാപ്സികം - 1 വലുത് ; ചതുരത്തില്‍ അരിഞ്ഞത്
ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് - ഒരു സ്പൂണ്‍ വീതം
കാശ്മീരി മുളക് പൊടി - 1 ടീസ്പൂണ്‍
സോയാ സോസ് - 1 ടേബിള്‍സ്പൂണ്‍
ടോമാറ്റോ സോസ് - 1 ടേബിള്‍സ്പൂണ്‍
എണ്ണ / ഉപ്പു എന്നിവ പാകത്തിന്

ഉണ്ടാക്കുന്ന വിധം:
.........................................

ചിക്കന്‍ മാരിനേറ്റു ചെയ്യുവാന്‍ പറഞ്ഞിരിയ്ക്കുന്ന ചേരുവകളില്‍ നിന്നും ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂടി ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്തു ഒരു മിക്സറില്‍ പേസ്റ്റ് രൂപത്തില്‍ അരച്ച് എടുക്കുക. എന്നിട്ട് മാരിനേറ്റു ചെയ്യുവാനുള്ള ബാക്കി ചേരുവകളും കൂടി ചേര്‍ത്തു ചിക്കന്‍ നന്നായി മാരിനേറ്റ് ചെയ്തു ഫ്രിഡ്ജില്‍ 1 - 2 മണിക്കൂര്‍ വെക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കന്‍ ഗോള്‍ഡണ്‍ കളര്‍ ആകുന്നത് വരെ ഫ്രൈ ആക്കി എടുക്കുക

ഇനി മറ്റൊരു പാനില്‍ എണ്ണ ചൂടാക്കുക ( ചിക്കന്‍ ഫ്രൈ ചെയ്യാന്‍ എടുത്ത എണ്ണ തന്നെ ഉപയോഗിക്കാം )
ഇതിലേക്ക് സവാളയും , കാപ്സിക്കവും അരിഞ്ഞത് ചേര്‍ത്തു വഴറ്റുക. ( സവാള ഒന്നു സോഫ്റ്റ് ആയാല്‍ മതി .. സവാള കടിക്കുന്ന പരുവത്തില്‍ ആയാല്‍ മതി എന്നര്‍ത്ഥം ...നന്നായി നിറം മാറണ്ട ആവശ്യമില്ല )
ഇതിലേക്ക് ഇഞ്ചി , വെളുത്തുള്ളി എന്നിവ അരിഞ്ഞത്ചേര്‍ത്തു മൂന്നു നാലു മിനിറ്റ് വഴറ്റുക.
കാശ്മീരി മുളക് പൊടി ഒരു കപ്പ് വെള്ളത്തില്‍ കലക്കി അതിലേക്കു ചേര്‍ക്കുക. തിളക്കുമ്പോള്‍ സോയാ സോസും , ടുമാറ്റോ സോസും ചേര്‍ത്തു നന്നായി ഇളക്കുക.

ഇതിലേക്ക് വറുത്ത് വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങളും ചേര്‍ത്തു ഇളക്കുക.
മീഡിയം തീയില്‍ അടച്ചു വെച്ചു , സോസെല്ലാം കുറുകി ചിക്കനില്‍ പിടിക്കുന്നത് വരെ വേവിക്കുക.
രുചികരമായ ചില്ലി ചിക്കന്‍ തയ്യാര്‍ ...
സ്പ്രിംഗ് ഒനിയന്‍ വട്ടത്തില്‍ മുറിച്ചു ചേര്‍ത്തു അലങ്കരിയ്ക്കാം.
ഫ്രൈഡ് റൈസിന്‍റെ കൂടെയോ , പൊറോട്ട, നെയ്ച്ചോര്‍ എന്നിവയുടെ കൂടെയോ കഴിക്കാം

ടിപ്സ് :
സോയാ സോസ് ചേര്‍ക്കുന്നത് കൊണ്ട് ഉപ്പ് പാകമാണോ എന്നു നോക്കിയതിന് ശേഷമേ ഉപ്പ് വീണ്ടും ചേര്‍ക്കാവൂ ... ചിക്കന്‍ മാരിനേറ്റു ചെയ്തു ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വെച്ചിട്ട് പിന്നീട് വറുത്താല്‍ കൂടുതല്‍ രുചികരമാണ്. ഒരുപാട് അങ്ങ് ഫ്രൈ ആകാതെയും നോക്കണം

ബട്ടര്‍ ചിക്കന്‍ : butter chicken

butter chicken


അര കിലോ എല്ലില്ലാത്തതോ എല്ലോടു കൂടിയതോ ആയ ചിക്കന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വയ്ക്കുക.

മൂന്നു ഇടത്തരം സവാള ചതുരത്തില്‍ അരിഞ്ഞു വയ്ക്കുക.ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ആക്കിയത് ഏകദേശം രണ്ടു ടേബിള്‍ സ്പൂണ്‍ ,

ഒരു ചെറിയ തക്കാളി ചതുരത്തില്‍ അരിഞ്ഞത് എന്നിവ തയ്യാറാക്കി വയ്ക്കുക.തക്കാളി വഴറ്റി അരച്ച് ചേര്‍ക്കാനാണ്.ഇതിനു പകരംറ്റൊമാറ്റോ സോസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഒരു സ്പൂണ്‍ സോസ് ചേര്‍ക്കാവുന്നതാണ് .ഞാന്‍ സോസ് ആണ് ചേര്‍ത്തത്.

ഇനി ഒരു വലിയ തക്കാളി വെള്ളത്തിലിട്ടു വേവിച്ചു തൊലി കളഞ്ഞു മിക്സറില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത് റ്റൊമാറ്റോ പ്യുരി തയാറാക്കി വെയ്ക്കുക.

കുറച്ചു അണ്ടിപ്പരിപ്പ് വെള്ളത്തില്‍ കുതിര്‍ത്തു വെച്ച ശേഷം കുറച്ചു വെള്ളം ഒഴിച്ച്പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.

ഫ്രഷ്‌ ക്രീം ,കസൂരി മേത്തി, മല്ലിയില എന്നിവ തയ്യാറാക്കി വയ്ക്കുക.

തയാറാക്കുന്ന വിധം :

കഴുകി വൃത്തിയാക്കിയ ചിക്കന്‍ അര ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളക് പൊടിയും കാല്‍ ടീസ്പൂണ്‍ ഗരംമസാലയും പുരട്ടി 15 മിനിറ്റ് വയ്ക്കുക.

ഒരു പാന്‍ ചൂടാക്കിയ ശേഷം രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള അരിഞ്ഞത് വഴറ്റുക, ഏകദേശം വഴന്നു കഴിഞ്ഞാല്‍ ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാറുമ്പോള്‍ അരച്ചെടുക്കുക.

ഇനി ഇതേ പാനില്‍ ഏകദേശം മൂന്നു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ഇട്ടു ചൂടാകുമ്പോള്‍ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വഴറ്റണം.
ഇനി ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ചേര്‍ത്ത് വഴറ്റുക.
ഒരു ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളക് പൊടി ,ഒരു നുള്ള് മഞ്ഞള്‍പ്പൊടി , ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി , എന്നിവ ചേര്‍ത്ത് വഴറ്റുക.നന്നായി വഴണ്ടാല്‍ സവാള അരച്ചത്‌ ചേര്‍ത്ത് വഴറ്റുക,ഇനി റ്റൊമാറ്റോ പ്യുരി ചേര്‍ത്ത് ഇളക്കുക, റ്റൊമാറ്റോ സോസ് കൂടി ചേര്‍ത്ത് വഴറ്റുക..ഈ സമയം പാകത്തിന് ഉപ്പു ചേര്‍ക്കുക. ചെറിയ തീയില്‍ അടച്ചു വെച്ച് കുറച്ചു സമയം വേവിയ്ക്കുക.

ഏകദേശം വെള്ളം വറ്റി കഴിഞ്ഞു അടപ്പ് മാറ്റി മുക്കാല്‍ ടീസ്പൂണ്‍ ഗരം മസാല വിതറി ചേര്‍ക്കുക. അണ്ടിപ്പരിപ്പ് അരച്ചത്‌ കൂടി ചേര്‍ത്ത് ഇളക്കുക, അര ടീസ്പൂണ്‍ കസൂരിമേത്തി കൂടി ചേര്‍ത്ത് ഇളക്കുക,ഒരു കപ്പ്‌ ഫ്രഷ്‌ ക്രീം കൂടി ചേര്‍ത്ത് നന്നായി ഇളക്കുക.വളരെ ചെറിയ തീയില്‍ ആയിരിയ്ക്കണം.ഇനി അര സ്പൂണ്‍ കസൂരി മേത്തി കൂടി ചേര്‍ത്തിളക്കി മല്ലിയില കൂടി തൂകി തീ ഓഫാക്കുക.ബട്ടര്‍ ചിക്കന്‍ തയ്യാര്‍.ചപ്പാത്തി ,പൊറോട്ട ,നാന്‍ എന്നിവയുടെ കൂടെ കഴിയ്ക്കാ,.

ടിപ്സ്

ഈ റെസിപിയില്‍ കൃത്രിമ നിറമൊന്നും ചേര്‍ത്തിട്ടില്ല,കാശ്മീരി മുളക് പൊടി ചേര്‍ക്കുമ്പോള്‍ നിറം കിട്ടും.
കാശ്മീരി മുളക്പൊടിയുടെ അളവ് എരിവു അനുസരിച്ച്കൂ ട്ടാവുന്നതാണ് .ഫ്രഷ്‌ ക്രീം ഇല്ലെങ്കില്‍ പാല്‍ ചേര്‍ക്കാം,പക്ഷെ ക്രീം ചേര്‍ക്കുന്നതിന്റെ അത്ര രുചി കിട്ടില്ലെന്ന് മാത്രം.

ടേസ്റ്റ് ഒന്ന് ബാലന്‍സ് ചെയ്യാന്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ക്കാം.

കസൂരി മേത്തി (dried fenugreek leaves) ആണ് ഈ ഡിഷിനു ആ പ്രത്യേക ഫ്ലേവര്‍ കൊടുക്കുന്നത് ,അതുകൊണ്ട് അത് തീര്‍ച്ചയായും ചേര്‍ക്കണം.

സീബ്രാ കേക്ക്

zebra cake
zeebra cake
ആവശ്യമായവ :
മൈദാ / Self raising flour - രണ്ടു കപ്പ്‌
ബേക്കിംഗ് പൌഡര്‍ - ഒന്നര ടീസ്പൂണ്‍
ബേക്കിംഗ് സോഡാ - അര ടീസ്പൂണ്‍
എണ്ണ - 1 കപ്പ്‌
പഞ്ചസാര - ഒരു കപ്പ് എടുത്തു പൊടിച്ചത്
മുട്ട - 3 എണ്ണം
വാനില എസ്സന്‍സ് - 1 ടീസ്പൂണ്‍
കൊക്കോ പൌഡര്‍ - 3 ടേബിള്‍ സ്പൂണ്‍
ഒരു ബൌളില്‍ മൈദയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡായും മൂന്നു പ്രാവശ്യം അരിയ്ക്കുക / ഇടയുക.
ഒരു ബൌളില്‍ മുട്ടയും പഞ്ചസാര പൊടിച്ചതും കൂടി ബീറ്റർ ഉപയോഗിച്ച് നല്ലത് പോലെ ബീറ്റ് ചെയ്യുക, എണ്ണയും വാനില എസ്സൻസും കൂടി ചേർത്ത് ബീറ്റ് ചെയ്യുക.ഇനി ഇതിലേക്ക് മൈദാ മിക്സ് മൂന്നു പ്രാവശ്യമായി ചേര്‍ത്ത് മിക്സ് ചെയുക. മിക്സ് ചെയ്ത ശേഷം കേക്ക് ബാറ്റര്‍ കട്ടിയാണെങ്കില്‍ മാത്രം കാല്‍ കപ്പ്‌ പാല്‍ കൂടി ചേര്‍ത്തു മിക്സ് ചെയ്യുക.
ഇനി ഈ ബാറ്റര്‍ രണ്ടായി ഡിവൈഡ് ചെയ്യുക.
മൂന്നു ടേബിള്‍ സ്പൂണ്‍ കൊക്കോ പൌഡര്‍ എടുത്തു അരിപ്പയില്‍ അരിച്ചു എടുക്കുക,ഇത് ഡിവൈഡ് ചെയ്തു വെച്ചിരിയ്ക്കുന്ന ബാറ്ററുകളില്‍ ഏതെങ്കിലും ഒന്നില്‍ ചേര്‍ത്ത് മിക്സ് ചെയ്തുക.
ബേക്കിംഗ് പാന്‍ / ടിന്‍ ബട്ടര്‍ പുരട്ടി ബേക്കിംഗ് പേപ്പര്‍ വെച്ചതിനു ശേഷം ബാറ്റര്‍ ഒഴിയ്ക്കണം.
ഇവിടെയാണ്‌ ഈ കേക്കിന്റെ ഡിസൈന്‍ കിട്ടുന്നത് എങ്ങനെയാണെന് നോക്കേണ്ടത്................................
ഒരു റൌണ്ട് കേക്ക് പാന്‍ എടുക്കണം.ബട്ടര്‍ പേപ്പര്‍ വെച്ച ശേഷം ആദ്യം മൂന്നു ടേബിള്‍ സ്പൂണ്‍ പ്ലെയിന്‍ ബാറ്റര്‍ പാനിന്റെ നടുവിലായി ഒഴിയ്ക്കുക.ഇനി പ്ലെയിൻ ബാറ്റര്‍ ഒഴിച്ചതിന്റെ നടുവിലായി മൂന്നു ടേബിള്‍ സ്പൂണ്‍ കൊക്കോ ബാറ്റര്‍ ഒഴിയ്ക്കുക.വീണ്ടും പ്ലെയിൻ ബാറ്റര്‍ ഇതിനു നടുവിലായി ഒഴിയ്ക്കുക,ഇങ്ങനെ മാറി മാറി ബാറ്റര്‍ ഒഴിച്ച് പാന്‍ നിറയ്ക്കുക.ബാറ്റര്‍ ഒഴിയ്ക്കുന്തോറും പതിയെ അത് വശങ്ങളിലേയ്ക്ക് പോയി പടത്തിൽ കാണുന്ന അതേ ഡിസൈന്‍ തന്നെ കിട്ടും.സ്പൂണില്‍ ബാറ്റര്‍ എടുക്കുമ്പോള്‍ സ്പൂനിനടിയിലുള്ളത് തൂത്തു കളഞ്ഞ ശേഷം വേണം ഒഴിയ്ക്കുവാന്‍ ,അല്ലെങ്കില്‍ ഡിസൈന്‍ ശെരിയായി കിട്ടില്ല.
ഓവന്‍ 180 ഡിഗ്രിയില്‍ 15 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക.
കേക്ക് ബാറ്റര്‍ ടിന്‍ ടേബിളില്‍ വെച്ച് തട്ടി വായു കളഞ്ഞ ശേഷം 35 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.. സീബ്രാ കേക്ക് തയ്യാർ.

മീന്‍ അച്ചാര്‍ fish pickle

fish pickle
fish pickle
സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് മോദ, ചൂര , പാര,വറ്റ,നെയ്‌ മീന്‍, മത്തി തുടങ്ങിയവയാണ്.ഇവിടെ നെയ്‌ മീന്‍ ആണ് ഉപയോഗിച്ചത്.
ആവശ്യമായവ :
നെയ്മീന്‍ (ചെറിയ കഷണങ്ങള്‍ ആക്കിയത് )- 1 കിലോ
കാശ്മീരി മുളക് പൊടി -3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടേബിള്‍സ്പൂണ്‍
ഇഞ്ചി - രണ്ട്‌ കഷണം (നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി - അര കപ്പ്‌
പച്ചമുളക് - 6 എണ്ണം
ഉലുവ - 1 ടീസ്പൂണ്‍
വിനാഗിരി - ആവശ്യത്തിന്
കറിവേപ്പില , കടുക്, എണ്ണ , വെള്ളം- ആവശ്യത്തിന്
ഉപ്പു - പാകത്തിന്
തയ്യാറാക്കുന്ന വിധം:
നെയ്മീന്‍ കഷണങ്ങള്‍ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും ചേര്ത്ത് പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക. എന്നിട്ട് പൊടിഞ്ഞു പോകാതെ നല്ല പോലെ മൊരിഞ്ഞു വറുത്തെടുക്കണം(.ഇങ്ങനെ ചെയ്താലേ മീനിലുള്ള വെള്ളത്തിന്റെ അംശം പൊകൂ.അപ്പോള്‍ അച്ചാര്‍ കേടു കൂടാതെ കുറെ നാള്‍ സൂക്ഷിക്കാം.)വറുത്ത മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക.
ഇനി ഒരു പാനില്‍ മീന്‍ വറുത്ത എണ്ണ ഒഴിച്ചോ അല്ലെങ്കില്‍ മീന്‍ വറുത്ത പാത്രത്തില്‍ തന്നെയോ കടുക് പൊട്ടിച്ചു കറിവേപ്പില താളിയ്ക്കുക., അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്ചേര്‍ത്ത് വയട്ടുക.ഇനി മുളക് പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വയട്ടുക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കാം (,ചാറു വേണമെങ്കില്‍ അല്പം ചൂട് വെള്ളം ചേര്‍ക്കാവുന്നതാണ്.) ഇനി അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,അല്‍പം വിനാഗിരി തിളപ്പിച്ച്‌ ആറിച്ചു ഇതില്‍ ഒഴിക്കണം. ഏറ്റവും ഒടുവില്‍ ഒരു നുള്ള് ഉലുവയും ഒരു നുള്ള് കടുകും കല്ലില്‍ ചതച്ചു ഒന്ന് ഇളക്കി ചേര്‍ക്കണം,പ്രത്യേക ഒരു മണംആയിരിക്കും.മീന്‍ വറക്കുമ്പോള്‍ ഉപ്പ് ചേര്‍ത്തിരുന്നതിനാല്‍ ഉപ്പ് വേണമെങ്കില്‍ മാത്രം നോക്കിയിട്ട് ചേര്‍ക്കുക.........
മീന്‍ അച്ചാര്‍ തയ്യാര്‍.തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക.
ടിപ്സ് :
മീൻ വറക്കുമ്പോൾ നന്നായി മൂപ്പിക്കാൻ ശ്രെദ്ധിക്കുക, എന്നാൽ കരിയുകയും അരുത്.അല്പം ചൂടാക്കിയ എണ്ണ അച്ചാറിനു മുകളില്‍ തൂകാവുന്നതാണ്..അച്ചാര്‍ കുപിയില്‍ ആക്കിയതിന് ശേഷം ഇടയ്ക്കിടെ ഒന്ന് കുലുക്കി യോജിപ്പിക്കുന്നത് നല്ലതാണ്.
അച്ചാര്‍ കൂടുതല്‍ നാള്‍ വെച്ചേക്കാന്‍ ആണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
ഉണ്ടാക്കിയ ദിവസം തന്നെ ഉപയോഗിക്കാം ,എങ്കിലും 3 – 4 ദിവസങ്ങള്‍ കഴിഞ്ഞു ഉപഗോഗിക്കുന്നതാകും നല്ലത്, ഡ്രൈ ആയ മീന്‍ വിനാഗിരിയില്‍ കിടന്നു ഒന്ന് മൃദുവായി എരിവൊക്കെ പിടിച്ചു വന്നാലെ രുചി കിട്ടൂ.
പെട്ടെന്ന് കേടാകാനുള്ള സാധ്യത ഉള്ളതിനാല്‍ നനഞ്ഞ കുപ്പിയോ നനഞ്ഞ സ്പൂണോ ഉപയോഗിക്കരുത്.സ്പൂണ്‍ കുപ്പിയിൽ തന്നെ ഇട്ടു വയ്ക്കാതിരിക്കുക അല്ലെങ്കില്‍ അച്ചാർ വേഗം പൂപ്പൽ പിടിച്ചു കേടായി പോകും.
അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് എരിവു കൂട്ടാവുന്നതാണ്....സാധാരണ മീന്‍ അച്ചാറിനു അല്പം എരിവു വേണം .

ബീഫ് കട്ട്‌ലറ്റ് beef cutlet

beef cutlet
beef cutlet

സ്വാദിഷ്ടമായ കട്ട്‌ലറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കു.അതിനു കുറെ കാര്യങ്ങള്‍ അറിയണം .ബീഫ് കൂടുതലും , ഉരുളക്കിഴങ്ങും സവാളയും കുറഞ്ഞും പോയാല്‍ രുചി കിട്ടില്ല.ആവശ്യത്തിനു ഉരുളക്കിഴങ്ങ് ചേര്ക്കണം.ഉരുളക്കിഴങ്ങ് ഒരളവില്‍ കൂടി പോയാല്‍ ഉരുട്ടുവാന്‍ പ്രയാസമാണ് താനും.ഉപ്പ് പാകത്തിന് ആയിരിക്കണം.
സവാള ,ഇഞ്ചി, പച്ചമുളക് എന്നിവ ചോപ്പെര്‍ ഉപയോഗിച്ച് അരിയുന്നതാകും കട്ട്‌ ലറ്റിന് നല്ലത്. കട്ട്‌ ലറ്റിന്റെ അകം നന്നായി വേവണം, തീയ് കൂട്ടി ഇടരുത് . രുചിയില്‍ ആണ് കാര്യം എങ്കിലും കട്ട്‌ ലറ്റിന്റെ ആകൃതി ,നിറം ഇവ കൂടി നന്നായി വരണം.ഇന്ന് ആകൃതി ശെരിയാക്കാന്‍ ലവ് ,ഓവല്‍ , സ്റ്റാര്‍ തുടങ്ങിയ ആകൃതിയിലുള്ള ഫ്രെയിം വാങ്ങാന്‍ കിട്ടും.അല്ലെങ്കില്‍ ടേബിള്‍ സ്പൂണിനേക്കാള്‍ അല്പം കൂടി വലിയ സ്പൂണ്‍ ഉപയോഗിച്ചാല്‍ ഓവല്‍ ആകൃതി കിട്ടും.,വട്ടത്തിലും ഉണ്ടാക്കാം.അല്പം ക്ഷമയോടെ ചെയ്‌താല്‍ നല്ല ഒരു ആകൃതി കിട്ടും, കഴിവതും ബ്രെഡ്‌ പൊടി രണ്ടു കയ്യിലും ആക്കാതെ വൃത്തിയായി ചെയ്യുക, പൊടിയൊന്നും എണ്ണയില്‍ വീഴാതെ നോക്കണം.അല്ലെങ്കില്‍ കട്ട്‌ ലറ്റില്‍ പറ്റി പിടിച്ചു അവിടെയും ഇവിടെയും കരിഞ്ഞ പോലെ കാണും.... കട്ട്‌ ലറ്റ് മുട്ടയില്‍ മുക്കി എണ്ണയില്‍ ഇടുമ്പോള്‍ പൊടിയാതെ നോക്കണം.കട്ട്‌ ലറ്റ് മുങ്ങി കിടക്കാനുള്ള എണ്ണ വേണം.എണ്ണ നന്നായി ചൂടായതിനു ശേഷം മാത്രമേ കട്ട്‌ ലറ്റ് ഇടാവു.രണ്ടും വശവും നന്നായി മൊരിഞ്ഞു ഗോള്‍ഡന്‍ ബ്രൌണ്‍ ആകണം.അതാണ്‌ ശെരിയായ നിറം.....കട്ട്‌ ലറ്റ് മിക്സ് ബാക്കി വന്നാല്‍ ഫ്രിഡ്ജില്‍ ഒരു ആഴ്ച വരെ സൂക്ഷിക്കാം . പച്ചമുളകിന്റെയും കുരുമുളകിന്റെയും അളവ് എരിവു അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം ....
ആവശ്യമായവ :
ബീഫ് – 1 കിലോ
ഉരുളക്കിഴങ്ങ് – 3
പച്ചമുളക് - 5 – 6
ഇഞ്ചി – ഒരു ഇടത്തരം കഷണം
മുട്ട - 1 – 2
ബ്രെഡ്‌ പൊടി / റെസ്ക് പൊടി – ആവശ്ജ്യതിനു
സവാള - 3 - 4
ഗരം മസാല -1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊ്ടി - 1/4 ടീസ്പൂണ്‍
കറി വേപ്പില - 1 കതിര്‍
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന് ,വെളിച്ചെണ്ണ ആണ് നല്ലത്.
തയ്യാറാക്കുന്ന വിധം ;
ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി പ്രഷര്‍ കുക്കെറില്‍ ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിയ്ക്കുക.അല്പം ഉപ്പ് ചേര്ക്കാന്‍ മറക്കണ്ട.ഇനി ചൂട് ആറിയതിനു ശേഷം വെന്ത ബീഫ് ഒരു മിക്സറില് ചെറുതായി അരച്ച് എടുക്കുക.
ഇനി ഉരുളക്കിഴങ്ങ് തൊലിയോട് കൂടി തന്നെ കഴുകി അല്പം വെള്ളം ചേര്ത്തു പ്രഷര്‍ കുക്ക് ചെയ്യുക.
ഇഞ്ചി ,സവാള ,പച്ചമുളക്,കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക.ഇനി ഒരു ചീനച്ചട്ടി ചൂടാക്കി ഇവ വഴറ്റുക.,ഇതിലേക്ക് കുരുമുളക് പൊടി ,ഗരം മസാല,മഞ്ഞള്പൊടി,ഉപ്പ് എന്നിവ ചേര്ത് വീണ്ടും വഴറ്റുക.ഇതിലേക്ക് ബീഫ് ഇട്ടു 3- 4 മിനിറ്റ് വഴറ്റുക,ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കൈ കൊണ്ട് ഉടച്ചു ഇതിലേക്ക് ചേര്ക്കുക.അഞ്ചു മിനിറ്റ് നന്നായി ഇളക്കുക.ഇനി തീയ് അണയ്ക്കുക.ചൂട് മാറിയതിനു ശേഷം കൈ കൊണ്ട് ഒന്ന് കൂടി നന്നായി യോജിപ്പിക്കുക.
ഇനി നിങ്ങള്ക്ക് ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക.നമ്മുടെ വീട്ടില്‍ ഉള്ള അനുയോജ്യമായ ആകൃതി കിട്ടുന്ന എന്ത് വേണേലും ഉപയോഗിക്കാം.
ഇനി ഒരു പാത്രത്തില്‍ മുട്ടയുടെ വെള്ള എടുത്തു വയ്ക്കുക, മറ്റൊരു പാത്രത്തില്‍ ബ്രെഡ്‌ പൊടിയും....
ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂട് ആകുമ്പോള്‍ ബീഫ് മിക്സ് ഉരുട്ടിയത് മുട്ട വെള്ളയില്‍ മുക്കി ബ്രെഡ്‌ പൊടിയില്‍ മുക്കി എണ്ണയില്‍ ഇട്ടു രണ്ടു വശവും മൊരിച്ച് എടുക്കുക.
സ്വാദിഷ്ടമായ, ബീഫ് കട്ട്‌ ലറ്റ് തയ്യാര്‍..

Friday, January 22, 2016

ഏത്തക്ക ഉപ്പേരി (കായ വറുത്തത്) / Banana Chips / ethakka upperi

ഏത്തക്ക ഉപ്പേരി (കായ വറുത്തത്) / Banana Chips / ethakka upperi
ഏത്തക്ക ഉപ്പേരി (കായ വറുത്തത്) / Banana Chips / ethakka upperi


ഏത്തക്ക തൊലി കളഞ്ഞു നാലായി കീറി കനം കുറച്ചു അരിഞ്ഞത് – 2 കപ്പ്‌

മഞ്ഞള്‍ പൊടി – ഒരു ടി സ്പൂണ്‍banana chips

വെളിച്ചെണ്ണ – 3 കപ്പ്‌

ഉപ്പ് – പാകത്തിന്

കറിവേപ്പില – ഒരു തണ്ട് (വറുത്തത് അലങ്കാരത്തിനു)

തയ്യാറാക്കുന്ന വിധം

കായ അരിഞ്ഞത്‌ മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തിലിട്ടു കഴുകി വാരി എടുകുക .

ഒരു ചുവടു കട്ടിയുള്ള പാനില്‍ എണ്ണ ചൂടാക്കി തിളക്കാന്‍ തുടങ്ങുമ്പോള്‍ കായ ചേര്‍ത്ത് വറുക്കുക .

മുക്കാല്‍ മൂപ്പ് ആകുമ്പോള്‍ ഉപ്പു അല്പം വെള്ളത്തില്‍ കലക്കിയത് തളിച്ച് മൂപ്പിച്ചു കോരുക . ഉപ്പേരി തയ്യാര്‍ .

ചൂടാറിയ ശേഷം വായു കടക്കാത്ത ഭരണിയില്‍ സൂക്ഷിച്ചാല്‍ കുറെ നാള്‍ ഉപയോഗിക്കാവുന്നതാണ്

നാരങ്ങ ചോറ് / Lemon rice

നാരങ്ങ ചോറ് / Lemon rice
നാരങ്ങ ചോറ് / Lemon rice
അരി (ജീരാ റൈസ് ,ബസ്മതി റൈസ് പോലുള്ളവ ) – ഒരു കപ്പ്‌

എണ്ണ (റിഫൈനട് ഓയില്‍ ) – 2 ടേബിള്‍ സ്പൂണ്‍

വെള്ളം – മുക്കാല്‍ കപ്പ്‌

ഉപ്പ് – അര ടി സ്പൂണ്‍

താളിക്കാന്‍

എണ്ണ – 2 ടേബിള്‍ സ്പൂണ്‍

ജീരകം – അര ടി സ്പൂണ്‍

കടുക് – അര ടി സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

വറ്റല്‍ മുളക് – 2

പച്ചമുളക് (രണ്ടായി പിളര്‍ന്നത് )- 2

കറി വേപ്പില – 2 തണ്ട്

ഉഴുന്ന് പരിപ്പ് – അര ടി സ്പൂണ്‍

കപ്പലണ്ടി – കാല്‍ കപ്പ്‌

നാരങ്ങ പിഴിഞ്ഞ് എടുത്ത ജ്യൂസ്‌ – കാല്‍ കപ്പ്‌

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

(1)

1.അരി നാലഞ്ചു പ്രാവശ്യം വെള്ളം തെളിയുന്നതുവരെ കഴുകുക .

2.പത്ത് മിനിറ്റ് അരി മാറ്റി വെക്കുക .വെള്ളം വാലാന്‍ വേണ്ടി .

3.ഒരു പാനില്‍ അരിയിട്ട് അതിലേക്കു വെള്ളം ,എണ്ണ ,ഉപ്പ് എന്നിവ ചേര്‍ത്ത് തിളക്കാന്‍ അനുവദിക്കുക .തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചു വെള്ളം വറ്റിച്ച്‌ എടുക്കുക .ഏകദേശം പതിനഞ്ച് മിനിറ്റ് വേണ്ടി വരും ,അരി വെന്തു വരുവാന്‍ .

(2)താളിക്കുന്ന രീതി

1.ഒരു പാനില്‍ എണ്ണ ചൂടാക്കുക .

2.ഇതിലേക്ക് ആദ്യം കപ്പലണ്ടി വറുത്തു എടുക്കുക .ഇതു കോരി മാറ്റി അതെ എണ്ണയില്‍ തന്നെ ജീരകം ,കടുക് ഇവ ഇടുക.പൊട്ടി തുടങ്ങുമ്പോള്‍ വറ്റല്‍മുളകുംപച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചുഎടുക്കുക .

3.ഉഴുന്ന് പരിപ്പ് ഇടുക.ഒരു മിനിറ്റ് വറക്കുക .

4.മഞ്ഞള്‍പ്പൊടി ഇട്ട് മിക്സ്‌ ചെയ്യുക .

5.ഈ മിശ്രിതത്തിലേക്ക് നേരത്തെതന്നെ വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും ചേര്‍ക്കുക . നാരങ്ങ ജ്യൂസ്‌ ഇതിലേക്ക് ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് പതുക്കെ ഇളക്കി കൊടുക്കുക .

6.നാരങ്ങ ചോറ് തയ്യാറായി കഴിഞ്ഞു .

(ദൂര യാത്രകളില്‍ കൊണ്ട് പോകാന്‍ പറ്റിയ ഒരു ചോറ് ആണിത്. പെട്ടെന്ന് ചീത്തയായി പോകുകയില്ല.)

ചപ്പാത്തിയും ഉരുളകിഴങ്ങുകറിയും / chappati, poori and potato curry

poori and potato curry
poori and potato curry

ചപ്പാത്തി

1.ഗോതമ്പുപൊടി – മൂന്ന്‌ കപ്പ്‌

2.വെള്ളം , ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഗോതമ്പുപൊടി ,ഉപ്പ് ചേര്‍ത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക .

മാവ് ഉണങ്ങിപോകാതിരിക്കനായി അല്പം എണ്ണ കുഴച്ച മാവിന്‍റെ മുകളില്‍ പുരട്ടി വെക്കുക.അല്ലെങ്കില്‍ ഒരു നനഞ്ഞ തുണി കൊണ്ട് മൂടിവക്കുക . ഇതിനെ പിന്നീട് കുഞ്ഞു കുഞ്ഞു ഉരുളകളാക്കി ,വട്ടത്തില്‍ പരത്തി എടുത്തു ചപ്പാതികല്ലില്‍മൊരിച്ചെടുക്കുക . വേണമെങ്കില്‍ ഓരോ

ചപ്പാത്തിയുടെയും മുകളില്‍ അല്പം നെയ്യ്‌ പുരട്ടി എടുക്കാം .ചൂടോടെ ഉപയോഗിക്കുക.

പൂരി

ആട്ട – രണ്ട് കപ്പ്‌

മൈദാ – അര കപ്പ്‌

നെയ്യ് അല്ലങ്കില്‍ എണ്ണ – 2 ടി സ്പൂണ്‍

ഉപ്പ് , വെള്ളം – പാകത്തിന്

എണ്ണ – വറത്ത് കോരാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

ആട്ടയും മൈദയും നെയ്യുമായി നന്നായി യോജിപ്പിക്കുക. എന്നിട്ട് വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ചു എടുക്കുക .ചെറിയ ഉരുളകളാക്കി വട്ടത്തില്‍ (ഒരു ചെറിയ അടപ്പ് വെച്ച് വട്ടത്തില്‍ കട്ട്‌ ചെയ്ത്‌ എടുക്കുക)പരത്തുക .എണ്ണ വെട്ടി തിളക്കുമ്പോള്‍ ഓരോന്നും എണ്ണയില്‍ വറത്ത് കോരുക.

ഗ്രീന്‍പീസ്-ഉരുളകിഴങ്ങ് കറി

1.ഉരുളകിഴങ്ങ് – 3വലുത്

2.ഗ്രീന്‍പീസ്(മട്ടര്‍)- അര കപ്പ്‌ (ഫ്രഷ്‌മട്ടര്‍)

(പാക്കറ്റുകളില്‍ കിട്ടുന്ന ഉണങ്ങിയ ഗ്രീന്‍പീസ് അല്ല )

3.തക്കാളി – 3

4. സവാള – 1

5.ഇഞ്ചി – ഒരു ചെറിയ കഷണം

6.തൈര് – അര കപ്പ്‌

7.പച്ചമുളക് – 3

8.ഉപ്പ് – പാകത്തിന്

9.വെള്ളം – പാകത്തിന്

10.എണ്ണ – 3 ടേബിള്‍സ്പൂണ്‍

11.മല്ലിയില – കുറച്ച്‌.

12.ജീരകം – ഒരു നുള്ള്

13.കടുക് – ഒരു നുള്ള്

മസാലകള്‍

1.മല്ലിപൊടി – 1ടി സ്പൂണ്‍

2.മുളക്പൊടി – അര ടി സ്പൂണ്‍

3ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍

4.മഞ്ഞള്‍പ്പൊടി – 1ടി സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1.ഉരുളകിഴങ്ങ് പുഴുങ്ങി ,ഉടച്ചെടുക്കുക .

2.ഗ്രീന്‍പീസ് പുഴുങ്ങി എടുക്കുക.

3.തക്കാളി നീളത്തില്‍ അരിഞ്ഞുഎടുക്കുക.

4.സാവാളയും പച്ചമുളകും ഇഞ്ചിയും മിക്സിയില്‍ അരച്ചെടുക്കുക

ഇത്രയും ചെയ്തു വെച്ചാല്‍ ബാക്കിയുള്ള പണികള്‍ എളുപ്പമായി .

( A) ഒരു ചുവടു കട്ടിയുള്ള പാനില്‍ എണ്ണ ഒഴിക്കുക . എണ്ണ ചൂടാകുമ്പോള്‍ ജീരകവും കടുകും ഇടുക .

(B)ജീരകവും കടുകും പൊട്ടി തുടങ്ങുമ്പോള്‍ മിക്സിയില്‍ അരച്ചെടുത്ത കൂട്ട് ചേര്‍ക്കുക.

(C)നല്ലതുപോലെ വഴന്നു കഴിയുമ്പോള്‍ അതിലേക്കു തക്കാളിയും ഉപ്പും ആവശ്യമായ പൊടികളും ചേര്‍ത്ത് നന്നായ്‌ ഇളക്കി വഴറ്റുക.

(D) തീ കുറച്ചു വെച്ച് അതിലേക്കു ഉരുളകിഴ്ങ്ങും ഗ്രീന്‍പീസും ഒരു കപ്പ്‌ വെള്ളവും ചേര്‍ത്ത് ,കുറച്ച് മിനിട്ട് അടച്ച്‌ വെച്ച് വേവിക്കുക .(E)അതിലേക്കു ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കുക.നല്ലതുപോലെ കുറുകുമ്പോള്‍ (തിക്ക്ഗ്രേവി) തീ അണക്കുക.

(F)അതിനു ശേഷം കുറച്ച് മല്ലിയില അരിഞ്ഞത് മുകളില്‍ തൂവുക

പൂരിയുടെ കൂടയും ഈ കറി നല്ലതാണ്

ഇഡലി\ദോശ Idli Dosa

idli dosa
idli dosa

1.അരി – 1കിലോ ഗ്രാംdosa
2.ഉഴുന്ന് – കാല്‍ കിലോ ഗ്രാം
3.ഉപ്പ് – ആവശ്യത്തിന്
ഇഡലി\ദോശമാവ് തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും വെവ്വേറെ 10മുതല്‍ 12 മണിക്കൂര്‍ കുതിരാന്‍ വെക്കുക .ആദ്യം ഉഴുന്നും പിന്നെ അരിയും മിക്സിയില്‍ ആട്ടി എടുക്കുക.എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് പുളിക്കാന്‍ വെക്കുക.
ഏകദേശം 10 മണിക്കൂര്‍ കഴിഞ്ഞു എണ്ണ ദോശ കല്ലില്‍ പുരട്ടി,പുളിച്ച മാവ് ഓരോ തവി ഒഴിച്ച് ദോശ മൊരിച്ചെടുക്കുക .
ഇഡലിക്കാനെങ്കില്‍ ഈ മാവ് ഇഡലിതട്ടില്‍ ഒഴിച്ച് ആവിയില്‍ വേവിച്ച് എടുക്കുക .സാമ്പാര്‍ \ചമ്മന്തി ഇവയുടെ കൂടെ നല്ലതാണ് .
ഇഡലി\ദോശക്കുമുള്ള തേങ്ങാ ചമ്മന്തി

1.തിരുമ്മിയ തേങ്ങ – ഒരു കപ്പ്‌rava idli
2.ചുമന്നുള്ളി – രണ്ട്
3.മുളക്പൊടി – അര സ്പൂണ്‍
4. എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
5.ഉപ്പ് – ആവശ്യത്തിന്
താളിക്കാന്‍ ആവശ്യമുള്ളത്
1.കടുക് – ഒരു ടീസ്പൂണ്‍
2.വറ്റല്‍ മുളക് -രണ്ട്
3.കറിവേപ്പില – കുറച്ച്‌
4.ചുമന്നുള്ളി – രണ്ട് (വട്ടത്തില്‍ അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
തേങ്ങ ആവശ്യത്തിന് വെള്ളം ഒഴിച്ചു മയത്തില്‍ അരച്ച് എടുക്കുക .എണ്ണ ചൂടാകുമ്പോള്‍ കടുകും മറ്റു സാധങ്ങളും വറുത്ത് കറിയില്‍ ഇടുക