Saturday, January 17, 2015

പൊടി കൈകള്‍

പൊടി കൈകള്‍
പൊടി കൈകള്‍


  1. കോളിഫഌവര്‍ കറികളില്‍ ചേര്‍ക്കുമ്പോള്‍ ദുര്‍ഗന്ധം മാറ്റാന്‍ റൊട്ടിക്കഷ്ണങ്ങള്‍ തുണിയില്‍ പൊതിഞ്ഞ് പാകം ചെയ്യാനുള്ള പാത്രത്തില്‍ മുക്കിയിടുക. പിന്നീട് എടുത്തു മാറ്റിയാല്‍ മതി.
  2. കാബേജ് നാലഞ്ചു ദിവസത്തേക്ക് സൂക്ഷിക്കുവാന്‍ അധികം ആഴത്തിലല്ലാതെ പുറംതൊലിയില്‍ തലങ്ങും വിലങ്ങും വെട്ടിവെച്ചാല്‍ മതി.
  3. ഫ്രയിംഗ്പാനില്‍ കരിഞ്ഞുപിടിക്കാതിരിക്കാന്‍ പാനില്‍ പൊടിയുപ്പ് തടവുക.
  4. കട്‌ലറ്റ് ഉണ്ടാക്കുമ്പോള്‍ കിഴങ്ങ് പുഴുങ്ങിയത് തികയാതെ വന്നാല്‍ സ്വല്‍പം ചോറ് അരച്ചു ചേര്‍ത്താല്‍ മതി.
  5. ഫില്‍ട്ടറില്‍ കാപ്പിപ്പൊടിയിടുന്നതിനു മുന്‍പ് പൊടി ഒന്നു ചൂടാക്കുക. ഫില്‍ട്ടറിലൂടെ കാപ്പിപ്പൊടി ഒരേപോലെ അലിഞ്ഞിറങ്ങും.
  6. വലുപ്പമേറിയ ഓംലെറ്റ് ഉണ്ടാക്കാന്‍ ഓരോ മുട്ടയ്ക്കും ഒരു ടീസ്​പൂണ്‍ മൈദവീതം ചേര്‍ക്കേണ്ടിവരും.
  7. എണ്ണപ്പലഹാരങ്ങള്‍ സൂക്ഷിക്കാന്‍ ലോഹപ്പാത്രങ്ങളേക്കാള്‍ നല്ലത് കാറ്റ് കടക്കാത്ത സ്ഫടികപാത്രങ്ങളാണ്.
  8. എലയ്ക്ക പൊടിച്ചെടുക്കുമ്പോള്‍ രണ്ടുമണി അരികൂടി വെച്ചുപൊടിച്ചാല്‍ ഏലയ്ക്കാപ്പൊടി മുഴുവന്‍ നഷ്ടമാകാതെ ലഭിക്കും.
  9. അടുക്കള ആവശ്യത്തിനുള്ള എണ്ണകള്‍ സൂക്ഷിക്കാന്‍ നിറമുള്ള കുപ്പികള്‍ ഉപയോഗിക്കുക. വെള്ള നിറമുള്ള സുതാര്യമായ കുപ്പികളില്‍ സൂര്യപ്രകാശം തട്ടി എണ്ണകള്‍ കേടായിപ്പോകും.
  10. ഒരു ചെറിയ കഷണം ഇഞ്ചി കൊത്തിയരിഞ്ഞ് കാബേജ് തോരനില്‍ ചേര്‍ത്താല്‍ തോരന്റെ രുചി വര്‍ധിക്കും.
  11. പച്ചമുളക് കേടു വരാതെയിരിക്കാന്‍ കുപ്പിയിലാക്കി കുറച്ച് മഞ്ഞള്‍പ്പൊടിയിട്ട് വെക്കുക.
  12. വായു കടക്കാത്ത പാത്രത്തിലിട്ട് അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ വാഴപ്പഴം കറുത്തുപോവില്ല.
  13. മുട്ട മുറിക്കുന്നതിനു മുന്‍പ് തിളച്ച വെള്ളത്തില്‍ കത്തി മുക്കിയിട്ട് മുറിച്ചാല്‍ മുട്ട പൊടിയുകയില്ല.
  14. ഉരുളക്കിഴങ്ങും കോളിഫഌവറും വേവിക്കുമ്പോള്‍ നിറം മാറാതിരിക്കാന്‍ വേവിക്കുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ മതി.
  15. ഉരുളക്കിഴങ്ങ് വറുക്കുന്നതിനു മുന്‍പ് മഞ്ഞള്‍പൊടി കലക്കിയ ഉപ്പുവെള്ളത്തില്‍ കുറച്ചു സമയം ഇടുക. പിന്നീട് തുണികൊണ്ട് തുടച്ചിട്ട് വറുത്താല്‍ നല്ല കരുകരുപ്പ് കിട്ടും.
  16. ബിരിയാണി ഉണ്ടാക്കുമ്പോള്‍ അരി കട്ട പിടിക്കാതിരിക്കാന്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്താല്‍ മതി.
  17. മുളക്, മഞ്ഞള്‍ തുടങ്ങിയവ വെയിലത്ത് വെച്ച് ഉണക്കുന്നതിനു മുന്‍പ് അല്‍പം കടുകെണ്ണ പുരട്ടിത്തിരുമ്മുന്നത് പിന്നീട് പൂപ്പല്‍ ബാധിക്കാതിരിക്കാന്‍ സഹായിക്കും.
  18. കട്‌ലറ്റ് ഉണ്ടാക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുക. പാചക എണ്ണ നല്ലവണ്ണം ചൂടായശേഷമേ കട്‌ലറ്റ് ഇടാവൂ. മറ്റൊന്ന് കട്‌ലറ്റ് മുങ്ങിക്കിടക്കത്തക്കവണ്ണം എണ്ണ ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ കട്‌ലറ്റ് നല്ലവണ്ണം മൊരിഞ്ഞുകിട്ടുകയുള്ളു. അല്ലാത്തപക്ഷം കട്‌ലറ്റ് കൂടുതല്‍ എണ്ണ കുടിക്കും.
  19. കറികള്‍ക്ക് ഉപ്പ് അധികമായാല്‍ ഒരു കഷണം ഉരുളക്കിഴങ്ങോ, ഒരുരുള ഗോതമ്പുമാവോ കറിയില്‍ ഇടുക. ഉപ്പ് കുറഞ്ഞുകിട്ടും. കറികള്‍ വിളമ്പുന്നതിനു മുന്‍പ് അത് എടുത്തുമാറ്റേണ്ടതാണ്.
  20. ഇറച്ചിക്കറികള്‍ക്ക് ആദ്യംതന്നെ പുളി ചേര്‍ത്തിട്ടുവേണം പാകപ്പെടുത്തേണ്ടത്. അല്ലാത്തപക്ഷം അവയുടെ മൃദുത്വം നഷ്ടപ്പെടാന്‍ ഇടയാകും.
  21. ആറ്റുമീന്‍ പാകം ചെയ്യുന്നതിനു മുന്‍പ് ഉപ്പുവെള്ളത്തില്‍ കഴുകിയാല്‍ ചേറ്ചുവ അനുഭവപ്പെടുകയില്ല.
  22. ഊണുമേശയില്‍ ഉപയോഗിക്കാന്‍ ഉപ്പും കുരുമുളകും ഒന്നിച്ചു പൊടിച്ച് സൂക്ഷിക്കരുത്. ഉപ്പ് അലിഞ്ഞ് കുരുമുളകുമായി യോജിച്ച് കട്ടപിടിച്ച് ഉപയോഗശൂന്യമായിപ്പോകും.
  23. മീന്‍കറിയില്‍ കുടമ്പുളി ചേര്‍ത്താല്‍ ഫ്രിഡ്ജില്‍ വെച്ചില്ലെങ്കിലും രണ്ടു മൂന്നു ദിവസം കേടുകൂടാതെയിരിക്കും.
  24. അരി കൂടുതല്‍ വെന്തുപോയാല്‍ ചൂടു ചോറില്‍ കുറച്ച് നല്ല പച്ച വെള്ളമൊഴിച്ച് വാര്‍ക്കുക. വെള്ളം വാര്‍ന്നുപോയ ശേഷം പരന്ന പാത്രത്തില്‍ നിരത്തിയിടുക. ആറിവരുമ്പോള്‍ ചോറ് ശരിയായിക്കൊള്ളും.
  25. മാങ്ങ, നാരങ്ങ, നെല്ലിക്ക തുടങ്ങിയ അച്ചാറുകളില്‍ അല്‍പം കടുകെണ്ണ ഒഴിച്ച് വെച്ചിരുന്നാല്‍ വളരെ നാള്‍ പൂപ്പല്‍ ബാധിക്കാതെയിരിക്കും.
  26. വഴുതനങ്ങ, വാഴക്കായ തുടങ്ങിയ കറയുള്ള പച്ചക്കറികള്‍ മുറിച്ചെടുക്കുമ്പോള്‍ അവയുടെ നിറം മാറാതിരിക്കാന്‍ കുറച്ച് മോരോ, ഒരല്‍പ്പം ചെറുനാരങ്ങാനീരോ വെള്ളത്തില്‍ കലക്കി അതിലേക്ക് പച്ചക്കറികള്‍ ഇട്ട് വെക്കുക.
  27. ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുന്നതിന് മുന്‍പ് അതിന്റെ തൊലി ചെത്തിക്കളഞ്ഞാല്‍ അവയിലെ പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകും. നന്നായി കഴുകി വേവിച്ചശേഷം തൊലി നീക്കുക.
  28. പച്ചക്കറികള്‍ നല്ലപോലെ കഴുകിയതിന് ശേഷമേ കഷണങ്ങളാക്കാവൂ. കഷണങ്ങളാക്കിയശേഷം കഴുകിയാല്‍ പോഷകാംശങ്ങള്‍ വെള്ളത്തില്‍ നഷ്ടപ്പെടാനിടയുണ്ട്.
  29. പച്ചക്കറികള്‍ വേവിച്ചെടുക്കുമ്പോള്‍ അവ മുങ്ങിക്കിടക്കാന്‍ മാത്രം വെള്ളമൊഴിച്ചാല്‍ മതി. വെള്ളം തിളച്ചശേഷം ആവശ്യത്തിനുള്ള പച്ചക്കറികള്‍ ഇടുന്നതാണ് നല്ലത്.
  30. പച്ചക്കറികള്‍ വേവിച്ചെടുത്ത വെള്ളം പോഷകാംശങ്ങളടങ്ങിയതാണ്. അത് ഊറ്റിക്കളയരുത്. സാമ്പാറുണ്ടാക്കാനുള്ള ചേരുവയിലും രസത്തിന്റെ ചേരുവയിലും സൂപ്പിലും ചേര്‍ക്കാമല്ലോ.
  31. പച്ചക്കറികള്‍ പെട്ടെന്ന് കേടാകാതിരിക്കാന്‍ രണ്ടറ്റവും മുറിച്ച് പ്ലാസ്റ്റിക്ക് കൂടുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
  32. വെണ്ടയ്ക്ക വറുക്കുമ്പോള്‍ വഴുവഴുപ്പ് ഉണ്ടാകാതിരിക്കാന്‍ വറുക്കുന്ന സമയത്ത് ഒരു ടേബിള്‍സ്​പൂണ്‍ തൈരോ, മോരോ ചേര്‍ത്താല്‍ മതി.
  33. തക്കാളി കൂടുതല്‍ പഴുത്ത് ഉറപ്പില്ലാതായാല്‍ അവ മുങ്ങിക്കിടക്കത്തക്കവിധം വെള്ളം ഒഴിച്ച് അല്‍പ്പം ഉപ്പും ചേര്‍ത്ത് ഒരു രാത്രിമുഴുവനും വെക്കുക. പിറ്റേന്ന് തക്കാളി നല്ലപോലെ ഉറച്ചിരിക്കും.
  34. ചേമ്പ്, കാച്ചില്‍, ചേന തുടങ്ങിയ കിഴങ്ങ്‌വര്‍ഗങ്ങള്‍ വളരെനാള്‍ വെച്ചിരുന്നാല്‍ ഉണങ്ങിപ്പോവും. പിന്നീട് അവ ഉപയോഗിക്കുമ്പോള്‍ കുറേനേരം തണുത്തവെള്ളത്തിലിട്ട് വെച്ചാല്‍ ഫ്രഷായികിട്ടും.
  35. ചേമ്പോ, ചേനയോ അരിഞ്ഞെടുക്കുമ്പോള്‍ കൈകള്‍ ചൊറിയുന്നുണ്ടെങ്കില്‍ കൈകളില്‍ അല്‍പ്പം ഭസ്മം പുരട്ടിയാല്‍ മതി. ചൊറിച്ചില്‍ മാറും.
  36. കടുകെണ്ണയും ഉപ്പും ചേര്‍ത്ത മിശ്രിതം കൈയില്‍ പുരട്ടി പച്ചക്കായ മുറിച്ചാല്‍ കായക്കറ കൈയില്‍ പറ്റുകയില്ല.
  37. കറികള്‍ക്ക് വഴറ്റുവാന്‍ വേണ്ടി സവാള ധാരാളം ആവശ്യമായി വരുമ്പോള്‍ അവ അരിഞ്ഞ് അപ്പച്ചെമ്പില്‍ വെച്ച് ആവി കയറ്റിയശേഷം വറുക്കുക. വഴറ്റുമ്പോള്‍ എണ്ണ വല്ലാതെ കുടിക്കാതിരിക്കാനാണിത്.
  38. പച്ചക്കറികള്‍ വേവിച്ചെടുക്കുമ്പോള്‍ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാന്‍ അര സ്​പൂണ്‍ പഞ്ചസാര കൂടി ചേര്‍ക്കുക.
  39. കാബേജിന്റെ പുറത്തുള്ള ഇലകള്‍ക്കും, കോളിഫഌവറിന്റെ തണ്ടുകള്‍ക്കും പോഷകമേന്മ കൂടുതലുണ്ട്. അവ അടര്‍ത്തിക്കളയാതെ ഉപയോഗിക്കുക.
  40. ഉള്ളിയും ഉരുളക്കിഴങ്ങും ഒന്നിച്ച് ഒരു പാത്രത്തില്‍ സൂക്ഷിക്കരുത്. ഉരുളക്കിഴങ്ങ് എളുപ്പം കേട് വരാനിടയാകും.
  41. പാവയ്ക്കയുടെ കയ്പ് കുറയ്ക്കാന്‍ അരി കഴുകിയ വെള്ളത്തില്‍ പാവയ്ക്ക നന്നായി കഴുകിയിട്ട് പാചകം ചെയ്യുക.

No comments:

Post a Comment